ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലമായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് അവരുടെ ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും വിരമിക്കുന്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി.
തൊഴിലുടമ നൽകുന്ന ഔദാര്യമല്ല പെൻഷനെന്നും മറിച്ച് ദീർഘകാലത്തെ സേവനത്തിലൂടെ ജീവനക്കാരൻ നേടിയെടുക്കുന്ന ഭരണഘടനാപരമായ അവകാശമാണതെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താത്കാലിക ജീവനക്കാർക്കു പെൻഷൻ നൽകുന്നത് വലിയ സാന്പത്തികബാധ്യത വരുത്തുമെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി ദീർഘകാലം സേവനം നൽകിയ ജീവനക്കാർക്കു കേവലം തസ്തികയുടെ അടിസ്ഥാനത്തിൽ സ്ഥിരം ജീവനക്കാർക്കു നൽകുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരേതരത്തിലുള്ള ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്ന ഒരുകൂട്ടം ജീവനക്കാർക്കു മാത്രം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തരംതിരിവുകൾക്ക് കാരണമാകുമെന്നും ഭരണഘടനാധാർമികതയ്ക്കു നിരക്കാത്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തപാൽ വകുപ്പിൽ മൂന്നു പതിറ്റാണ്ടായി താത്കാലിക ജീവനക്കാരനായിരുന്ന, അന്തരിച്ച സൂരജ് സാഹി എന്ന ജീവനക്കാരന്റെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.